Tuesday, June 22, 2010

‘പുക സ’ഖാക്കളുടെ സാമൂഹിക വിപ്ളവം


ഇടയ്ക്കിടയ്ക്ക്‌ എന്തെങ്കിലും പ്രസ്താവനകളൊ പ്രസംഗങ്ങളൊ നടത്തി സമൂഹത്തിൽ ആകപ്പാടെ ഒരു ‘പുക’മറ സൃഷ്ടിക്കുകയാണ്‌ ‘പുക സ’ഖാക്കളുടെ(ഇവരെ സഖാക്കൾ എന്നുപറയുന്നതിൽ ക്ഷമിക്കുക) ലക്ഷ്യം. “വായിക്കുതോന്നിയത്‌ കോതയ്ക്ക്‌ പാട്ട്‌” എന്നതാണ്‌ മുദ്രാവാക്യം“. പുരോഗമനപരമായ സംവാദങ്ങൾ എന്ന ഓമനപേരിൽ വിളിക്കുന്ന കാൽക്കാശിനുവകയില്ലാത്ത ഈ പൊറാട്ടു നാടകങ്ങളിൽ ‘പുക സ’ഖാക്കൾക്ക്‌ ഒരു നിർബന്ധമുണ്ട്‌. ഈ സംവാദങ്ങൾ കൊണ്ട്‌ തങ്ങളുടെ ആമാശയത്തിനല്ലാതെ മറ്റൊരാൾക്കും ഗുണം ഉണ്ടാവാൻ പാടില്ല എന്നതാണത്‌. ഒരു കാലത്ത്‌ മഹരഥന്മാർ ഇരുന്ന സംഘത്തിന്റെ പിന്മുറക്കാർക്ക്‌ വന്ന അപചയം.

പുരോഗമനപരമായ സംവാദങ്ങൾ കേരളത്തിൽ എല്ലാകാലത്തും എറ്റെടുത്ത്‌ നടത്തിയിരുന്നത്‌ കമ്മ്യൂണിസ്റ്റ്‌ പാർട്ടി ആയിരുന്നു. കമ്മ്യൂണിസ്റ്റ്‌ നേതാക്കളും സൈദ്ധാന്തികരും ആയിരുന്നു അതിന്റെ അടിത്തറ. സ.ഇ.എം.എസും, സ. പി.ജിയും, എം.എൻ.വിജയന്മാഷും തുടങ്ങിവെച്ച സംവാദങ്ങൾ സമൂഹം എറ്റെടുക്കുകയും സാമൂഹിക മാറ്റങ്ങൾക്ക്‌ വഴിതെളിക്കുകയും ചെയ്തിരുന്നു.

വൈരുദ്ധ്യാത്മക ഭൗതികവാദം എന്തെന്നുചോതിച്ചാൽ ഒരു സിനിമയിലെ ഡയലോഗ്‌ പോലെ
” :കമ്പിളിപുതപ്പ്‌ കമ്പിളിപുതപ്പ്‌“
” :കേൾക്കുന്നില്ല കേൾക്കുന്നില്ല“
എന്നുപറയുന്ന നേതാക്കളാണ്‌ ഇന്നീപാർട്ടിയിൽ ഉള്ളത്‌. സൈദ്ധാന്തിക അടിത്തറ നൽകിയ ബുദ്ധിജീവികളെല്ലാം പാർട്ടിവിട്ടുപോയിരിക്കുന്നു. പക്ഷെ സൈദ്ധാന്തിക അടിത്തറയില്ലാതെ പാർട്ടിക്‌ നിലനിൽപ്പില്ല. ആഗോളവത്കരണത്തിന്റെ ഈകാലത്ത്‌ എല്ലാകാര്യങ്ങളും ‘Outsource’ ചെയ്യുകയാണ്‌. അങ്ങനെ പാർട്ടിക്ക്‌ സൈദ്ധാന്തിക അടിത്തറ നൽകുക എന്ന ജോലി ‘Outsource’ ചെയ്തു. അതിന്റെ ആദ്യപടിയായി ‘പു.ക.സ’ എന്ന ഇടത്പക്ഷ ചായ്‌വുള്ള സ്വതന്ത്ര സംഘടനയുടെ തലപ്പത്ത്‌ തങ്ങൾ ”ചാടിക്കളിക്കാൻ പറഞ്ഞാൽ ചാടിക്കളിക്കുന്ന, തുള്ളിക്കളിക്കാൻ പറഞ്ഞാൽ തുള്ളിക്കളിക്കുന്ന“ ‘ബുദ്ധിജീവികളെ(വേഷവും രൂപവും മാത്രം)’ കൊണ്ടുവന്നു. വീടിന്റെ കന്നിമൂലയിൽ ചൊറിയും കുത്തിയിരുന്ന ‘കുഞ്ഞന്മാരും’ ‘പോക്കർമാരും’ അങ്ങനെ സംഘടനയുടെ തലപ്പത്ത്‌ എത്തി. മുൻപിരുന്ന മഹാരഥന്മാരുടെ അടുക്കളകമ്മിറ്റിയിലെത്താൻ ഇവർ ഇനിയും മൂന്ന്‌ ജന്മം ജനിക്കണം.

അങ്ങനെ Outsource ചെയ്ത സൈദ്ധാന്തിക അടിത്തറകൊണ്ട്‌ പാർട്ടി പടവലങ്ങപോലെ താഴോട്ട്‌ വളർന്നുകൊണ്ടിരിക്കുകയാണ്‌. പടവലങ്ങയുടെ വളർച്ച കൂട്ടാനും വേഗത്തിലാക്കാനും അതിന്റെ അറ്റത്ത്‌ കല്ല്‌ കെട്ടിതൂക്കുന്ന ഒരേർപ്പാടുണ്ട്‌. അങ്ങനെ താഴോട്ടുള്ള വളർച്ച വേഗത്തിലാക്കാൻ കെട്ടിതൂക്കിയ കല്ലാണ്‌ സ്വത്വ രാഷ്ട്രീയ വിവാദം.

ജാതി,ലിംഗം,ഭാഷ,ദേശം തുടങ്ങിയ വിവിധ സ്വത്വങ്ങളെ അടിസ്ഥാനമാക്കി സമൂഹത്തെ കാണണമെന്നും ഓരോ സ്വത്വങ്ങളും അവരുടെതായ പുരോഗതിയ്ക്ക്‌വേണ്ടി രാഷ്ട്രീയമായി സംഘടിക്കണമെന്നുമാണ്‌ സ്വത്വരാഷ്ട്രീയത്തിന്റെ കാതൽ. വർഗ്ഗരാഷ്ട്രീയം എന്ന സിദ്ധാന്തത്തിൽ ഉറച്ചുനിൽക്കുന്ന കമ്മ്യൂണിസ്റ്റ്‌ പാർട്ടിയുടെ Outsourced ബുദ്ധിജീവികളുടെ നാവിൽ നിന്നാണ്‌ ഈ മൊഴിമുത്തുകൾ വരുന്നതെന്നോർക്കണം. സമൂഹത്തെ മുതലാളി തൊഴിലാളി എന്നീവർഗ്ഗങ്ങളായി മാത്രം കാണുന്ന മാർക്സിയൻ ആദർശത്തെ പാടെ തള്ളിപറയുന്നു.

ലിംഗപരമായി സംഘടിക്കുമ്പോൾ സ്ത്രീ സമത്വവാദവും(Feminism) പുരുഷമേധാവിത്തവാദവും(Chauvinism) സമൂഹത്തിൽ ഉടലെടുക്കും. വിവാഹം എന്ന ഇൻസ്റ്റിറ്റ്യൂഷനെ തന്നെ ഇതു കാര്യമായി ബാധിക്കും. സ്ത്രീ-പുരുഷ സംഗമത്തിലാണ്‌ അടുത്ത തലമുറ. അടുത്ത തലമുറയുടെ ഭാവി തന്നെ അപകടത്തിലാവും.

ഇന്ന് ഇന്ത്യയിലെ ചില സംസ്ഥാനങ്ങളിൽ അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ്‌ “മണ്ണിന്റെ മക്കൾ വാദം”. രാജ്യത്തിന്റെ അഖണ്ഡതയെ കാര്യമായി ബാധിക്കുന്ന പ്രശ്നമാണിത്. ദേശപരമായി സംഘടിച്ച് ഈ അവസ്ഥ കേരളത്തിലേക്ക് കൊണ്ടുവരണം എന്നാണ്‌ ബുദ്ധിജീവികൾ പറഞ്ഞുവെക്കുന്നത്.

നായരും, ഈഴവനും, സുന്നികളും, മുജാഹിദുകളും,RCക്കാരനും, LCക്കാരനും രാഷ്ടീയപരമായി അണിചേരുകയും പ്രവർത്തിക്കുകയും വേണം. അതാണ്‌ ജാതി സ്വത്വവാദം. നടേശൻ മുതലാളിയും പണിക്കർ സാറും സഭാദ്ധ്യക്ഷന്മാരും കാത്തിരിക്കണം. കേരളത്തിന്റെ മുഖ്യമന്ത്രിയാവാൻ സാധ്യത തെളിയുന്നുണ്ട്.


ഭാരതത്തിൽ മൗര്യവംശകാലത്ത് നിലനിന്നിരുന്ന ചാതുർവർണ്ണ്യ സമ്പ്രദായത്തിൽ ബ്രാഹ്മണർ, ക്ഷത്രിയർ, വൈശ്യർ, ശൂദ്രർ തുടങ്ങി നാല്‌ ജാതികളാണുണ്ടായിരുന്നത്. ഇന്ന് കേരളത്തിൽ ടിപ്പർ ലോറിക്കിറക്കാന്മാത്രം ജാതികളുണ്ട്. ജാതിരാഷ്ട്രീയം വരുകയാണെങ്കിൽ കേരളത്തിന്റെ കാര്യം കട്ടപൊക എന്നർത്ഥം.

ജാതീയമായി സംഘടിക്കുമ്പോൾ ഓരോ ജാതിക്കാരനും പ്രസ്താനങ്ങളും സ്ഥാപനങ്ങളും ഉണ്ടാവും. നായർക്ക് മാത്രമായി ആശുപത്രി ഈഴവന്‌ മാത്രമായി സ്കൂൾ തുടങ്ങിയ കാര്യങ്ങളെല്ലാം ഉണ്ടാവും. പിന്നെ ഒരു കാര്യം നായരുടെ ആശുപത്രിയിൽ നായർക്ക് മാത്രമെ പ്രവേശനം ഉണ്ടാവുകയുള്ളു. അതിനി പ്രാണവേദന ആയാലും പ്രസവവേദന ആയാലും.

ഒഴുക്കിനാൽ നദി ശുദ്ധീകരിക്കപെടുന്നു. ആർത്തവ രക്തത്താൽ സ്ത്രീ ശുദ്ധീകരിക്കപെടുന്നു. വൃക്ഷങ്ങളാൽ വായു ശുദ്ധീകരിക്കപെടുന്നു. നമ്മുടെ ‘പുക’സഖാക്കളെ ശുദ്ധീകരിക്കാൻ ചാണകവെള്ളവും ഗോമൂത്രവും മതിയാകാതെ വരുമൊ?

കേരളം കണ്ട സോക്രട്ടീസുമാരും പ്ലേറ്റോമാരും ആണ്‌് സ്വത്വ രാഷ്ടീയത്തിന്റെ മഹത്വത്തെകുറിച്ച് പറയുന്നത്. ജനങ്ങളെ നിങ്ങളിത് നടപ്പിൽ വരുത്തു. കേരളത്തെ Express Highway ലൂടെ 2000 വർഷം പുറകോട്ട് നയിക്കു.


-ലാൽ അത്തോളി.
09986707650
shideeshlald@yahoo.co.in






Friday, June 18, 2010

ലാലേട്ടന്‌ ഒരുതുറന്ന കത്ത്‌.

ലാലേട്ടന്‌ ഒരുതുറന്ന കത്ത്‌.

ലാൽ അത്തോളി.

പ്രിയപെട്ട ലാലേട്ടന്‌. ഞങ്ങൾ ലാലേട്ടന്റെ കടുത്ത ആരാധകരാണ്‌. താങ്കളുടെ പടങ്ങൾ ഒന്നും വിടാതെ കാണുന്നവരാണ്‌. ‘മഞ്ഞിൽ വിരിഞ്ഞപൂക്കളിൽ’ തുടങ്ങിയ ആനടനവിസ്മയത്തിന്റെ വിജയഘോഷയാത്ര സാകൂതം വീക്ഷിക്കുന്നവരാണ്‌ ഞങ്ങൾ. 2000 ന്റെ തുടക്കത്തിലാണ്‌ താങ്കൾ തട്ടുപൊളിപ്പൻ സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയത്​‍്‌. ദേവദൂതൻ പോലുള്ള സിനിമകൾ ബോക്സോഫീസിൽ പരാജയപെടുന്നതും നരസിംഹം പോലുള്ള സിനിമകൾ വിജയിക്കുന്നതും വിഷമത്തോടെയാണ്‌ ഞങ്ങൾ നോക്കി നിന്നത്‌. പിന്നീട്‌ താങ്കൾ ടൈപ്പ്‌ കഥാപത്രങ്ങളിലേക്ക്‌ മാറി. നവരസങ്ങൾ അഭിനയിക്കാൻ കഴിവുള്ള നടന്റെ രൗദ്രഭാവം മാത്രം സ്ക്രീനിൽ നിറഞ്ഞുനിന്നു.തല്ലിപൊളി സിനിമകളുടെ ഉദാഹരണമായി ലോകാവസാനംവരെ എടുത്ത്‌ കാണിക്കാൻ കഴിയുന്ന ഒന്നാമൻ,താണ്ഡവം തുടങ്ങിയ സിനിമകൾ അങ്ങനെയാണുണ്ടാവുന്നത്‌. തുടരെ തുടരെയുള്ള പരാജയങ്ങളെതുടർന്ന്‌ താങ്കൾ പരസ്യചിത്രങ്ങളിലേക്ക്‌ ചുവടുമാറ്റി. ഈ ചുവടുമാറ്റം ഞങ്ങൾ ആരാധകരുടെ ജീവിതത്തിൽ വലിയമാറ്റമാണുണ്ടക്കിയത്‌. അതിനെകുറിച്ചാണ്‌ ഞങ്ങൾ ഇവിടെ തുറന്നെഴുതുന്നത്‌.

ഞങ്ങൾ ബാംഗ്ളുരിൽ ജോലിചെയ്യുന്ന ബാച്‌ലേഴ്സ്‌ ആണ്‌. ജോലികഴിഞ്ഞ്‌ വൈകീട്ട്‌റൂമിൽവന്ന്‌ പ്രത്യേകിച്ച്‌ പണിയൊന്നും ഇല്ലാത്തതിനാൽ ചൊറിയുംകുത്തിയിരിക്കുകയാണ്‌ പതിവ്‌. ആയിടയ്ക്കാണ്‌ താങ്കളുടെ “വൈകീട്ടെന്താ പരിപാടി” എന്നപരസ്യവാചകം വരുന്നത്‌. പുതിയ സിനിമയിലെ പഞ്ച്‌ ഡയലോഗാണെന്നാണ്‌ ആദ്യം കരുതിയത്‌. പിന്നീടാണ്‌ അത്‌ “Original Choice” എന്ന മദ്യത്തിന്റെ പരസ്യമാണെന്നു മനസിലായത്‌. “നിങ്ങളില്ലാതെ എനിയ്ക്കെന്താഘോഷം”. ഞങ്ങളില്ലാതെ താങ്കൾക്ക്‌ ഒരാഘോഷവുമില്ലല്ലൊ. വൈകീട്ടു റൂമിൽ ചുമ്മാ ഈച്ചയാട്ടിയിരുന്ന ഞങ്ങൾ അങ്ങനെ താങ്കളുടെ കൂടെ “വൈകീട്ടുള്ള പരിപാടികളിൽ” അംഗമായി. ഇപ്പോൾ ഞങ്ങളുടെ മാസവരുമാനത്തിൽ നിന്നും നല്ലൊരുതുക താങ്കൾ ബ്രാൻഡ്‌ അംബാസഡർ ആയിരുന്ന “Original Choice” ന്റെ മുതലാളിക്ക്‌ എത്തിച്ച്‌ കൊടുക്കുന്ന കാര്യം നിർവികാരതയോടെ നിസംഗതയോടെ അറിയിച്ചുകൊള്ളട്ടെ.

താങ്കൾ “Mohan Lal's Taste Buds” എന്ന പേരിൽ പപ്പടം,പൊറോട്ട,കുടംപുളി തുടങ്ങിയ സാധനങ്ങളുടെ പരസ്യത്തിൽ തകർത്തഭിനയിക്കുന്ന സമയം. “Mohan Lal's Taste Buds” ന്റെ ഭാഗമായി ബാംഗ്ളൂരിൽ “The Harbour Market” എന്ന ഹോട്ടൽ തുടങ്ങി. ലാലേട്ടൻ തുടങ്ങിയ ഹോട്ടലാണ്‌ നമ്മൾ ആരാധകർ അത്‌ പ്രോത്സാഹിപ്പിക്കണം എന്നുകരുതി ഞങ്ങൾ ഒരു ദിവസം ഹോട്ടലിൽ പോയി. സ്വാദിഷ്ടമായ ആറേഴ്‌ കേരള വിഭവങ്ങൾ ഓർഡർ ചെയ്തു. ഭക്ഷണം ‘Not good not bad’. വിഭവങ്ങൾ എല്ലം കഴിച്ച്‌ അവസാനം നികൃഷ്ടമായ ആ സാധനം(ബില്ല്‌) വന്നപ്പോൾ ഞങ്ങൾ പതറിപ്പോയി. 2743 രൂപ. (ബില്ലിന്റെ കോപ്പി ഈ കത്തിനോടൊപ്പം ചേർക്കുന്നു). ഭാഗ്യത്തിന്‌ ഞങ്ങളിൽ ഒരാരാധകന്റെ കയ്യിൽ ‘Credit Card’ എന്ന സാധനം ഉണ്ടായിരുന്നതുകൊണ്ട്‌ അടുക്കളയിൽ പോകേണ്ടിവന്നില്ല.(ഹോട്ടൽ നടത്തിപ്പുകാർക്കറിയില്ലല്ലോ ഞങ്ങൾ ലാലേട്ടന്റെ ആരാധകരാണെന്ന്‌). ജീവിതത്തിൽ ഇത്രയുംകാലം കഴിച്ച പഴംപൊരിയുടെ മൊത്തം തുക 250 രൂപ വരില്ല.

പക്ഷെ ഈ അവസരങ്ങളിലൊന്നും ലാലേട്ടനെ തള്ളിപറയാൻ ഞങ്ങൾ തയ്യാറായില്ല. ഞങ്ങൾ പാവപെട്ട ആരാധകർ കുത്തുപാളയെടുത്താലും തരക്കേടില്ല ലാലേട്ടൻ പരസ്യത്തിലൂടെ പണം സമ്പദിച്ചാൽ മതി. എന്നിട്ട്‌ ചെന്നൈയിലും ഡെൽഹിയിലും ഒ​‍ാരോ ‘The Harbour Market’ തുടങ്ങണം. അവിടെയുള്ള ആരാധകർക്കും കിടക്കട്ടെ ഒരു പണി !

രണ്ട്‌ പട്ടാളസിനിമകളിൽ അഭിനയിച്ചതിനെ തുടർന്ന്‌ താങ്കൾക്ക്‌ ടെറിട്ടൊറിയൽ ആർമിയിൽ ലഫ്റ്റനന്റ്‌ കേണൽ പദവി ലഭിക്കുകയുണ്ടയി. വളരെ സന്തോഷമുള്ളകാര്യം കാരണം താങ്കളെപോലെ charismatic ആയ ഒരുവ്യക്തിയ്ക്ക്‌ യുവജനങ്ങളെ മിലിട്ടറിയിലേക്ക്‌ ആകർഷിക്കാൻ കഴിയും. പക്ഷെ അവിടെയും താങ്കൾ ഞങ്ങളുടെ പ്രതീക്ഷ തകർത്തു. ആ മിലിട്ടറി യൂണിഫോമിട്ട്‌ താങ്കൾ നേരെ പൊയത്‌ ‘Malabar Gold’ന്റെ പരസ്യത്തിലേക്കാണ്‌. രാജ്യം താങ്കൾക്ക്‌ സമ്മാനിച്ച ലഫ്റ്റനന്റ്‌ കേണൽ പദവി ജ്വല്ലറി പരസ്യത്തിൽ ഉപയോഗിച്ച്‌ താങ്കൾ ദുരുപയോഗം ചെയ്തു. താങ്കളുടെ പരസ്യംകണ്ട്‌ ഏതെങ്കിലും പട്ടാളക്കാരന്റെ ഭാര്യയ്ക്ക്‌ മതിഭ്രമം(Hallucination) വരുകയാണെങ്കിൽ അടുത്തതവണ ലീവിന്‌ നാട്ടിൽ വരുമ്പോൾ 5 പവന്റെ നെക്ളേസുമായി വന്നാൽ മതിയെന്നു മൊഴിയും. തോക്കിനുമുൻപിൽ തോൽക്കാത്ത പട്ടാളക്കാരൻ താങ്കളുടെ മുൻപിൽ തോറ്റുപോവും.

കേരളീയരുടെ മദ്യാസക്തിയെപറ്റിയും ഒരുസൂപ്പർസ്റ്റാർ തന്നെ മദ്യത്തിന്റെ പരസ്യത്തിലഭിനയിക്കുന്നതിനെ പറ്റിയും BBC ഈയടുത്തകാലത്ത്‌ റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. താങ്കൾക്ക്‌ ലഭിച്ച പത്മശ്രീ, ഭരത്‌,ഡോക്ടറേട്ട്‌ ബഹുമതികൾക്ക്‌ മുകളിലായി ഈ Black Mark നിലനിൽക്കുന്നു എന്ന കാര്യം താങ്കൾ ഓർമ്മിക്കണം. ഒരുകലാകാരന്‌ പണസമ്പാദ്യത്തിലുപരിയായി Social Responsibility ഉണ്ടെന്നകാര്യം താങ്കൾ മറക്കരുത്‌. ‘Cola’ അംബാസഡർ ആയിരുന്ന അമിതാബ്‌ ബച്ചൻ പിന്നീട്‌ അതിന്റെ ദൂഷ്യഫലങ്ങൾ മനസിലാക്കി പരസ്യത്തിൽ നിന്നും പിന്മാറിയത്‌ താങ്കളെ ഓർമപെടുത്തുകയണ്‌. കേരളത്തിലെ പ്രമുഖ യുവജന സംഘടന ആയ DYFI താരങ്ങൾ സ്വർണ്ണപരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ പ്രമേയം കൊണ്ടുവന്നതും സൂചിപ്പിക്കുന്നു.


ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത്‌ താങ്കൾക്ക്‌ ഉയരാൻ കഴിയും എന്ന്‌ പ്രതീക്ഷിക്കുന്നു. ആശംസിക്കുന്നു. കത്ത്‌ ചുരുക്കുന്നു. “വൈകീട്ട്‌ പരിപാടിയുണ്ട്‌”.

എന്ന്‌ സ്നേഹപൂർവം


താങ്കളുടെ ആരാധകർ.