Friday, June 18, 2010

ലാലേട്ടന്‌ ഒരുതുറന്ന കത്ത്‌.

ലാലേട്ടന്‌ ഒരുതുറന്ന കത്ത്‌.

ലാൽ അത്തോളി.

പ്രിയപെട്ട ലാലേട്ടന്‌. ഞങ്ങൾ ലാലേട്ടന്റെ കടുത്ത ആരാധകരാണ്‌. താങ്കളുടെ പടങ്ങൾ ഒന്നും വിടാതെ കാണുന്നവരാണ്‌. ‘മഞ്ഞിൽ വിരിഞ്ഞപൂക്കളിൽ’ തുടങ്ങിയ ആനടനവിസ്മയത്തിന്റെ വിജയഘോഷയാത്ര സാകൂതം വീക്ഷിക്കുന്നവരാണ്‌ ഞങ്ങൾ. 2000 ന്റെ തുടക്കത്തിലാണ്‌ താങ്കൾ തട്ടുപൊളിപ്പൻ സിനിമകളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ തുടങ്ങിയത്​‍്‌. ദേവദൂതൻ പോലുള്ള സിനിമകൾ ബോക്സോഫീസിൽ പരാജയപെടുന്നതും നരസിംഹം പോലുള്ള സിനിമകൾ വിജയിക്കുന്നതും വിഷമത്തോടെയാണ്‌ ഞങ്ങൾ നോക്കി നിന്നത്‌. പിന്നീട്‌ താങ്കൾ ടൈപ്പ്‌ കഥാപത്രങ്ങളിലേക്ക്‌ മാറി. നവരസങ്ങൾ അഭിനയിക്കാൻ കഴിവുള്ള നടന്റെ രൗദ്രഭാവം മാത്രം സ്ക്രീനിൽ നിറഞ്ഞുനിന്നു.തല്ലിപൊളി സിനിമകളുടെ ഉദാഹരണമായി ലോകാവസാനംവരെ എടുത്ത്‌ കാണിക്കാൻ കഴിയുന്ന ഒന്നാമൻ,താണ്ഡവം തുടങ്ങിയ സിനിമകൾ അങ്ങനെയാണുണ്ടാവുന്നത്‌. തുടരെ തുടരെയുള്ള പരാജയങ്ങളെതുടർന്ന്‌ താങ്കൾ പരസ്യചിത്രങ്ങളിലേക്ക്‌ ചുവടുമാറ്റി. ഈ ചുവടുമാറ്റം ഞങ്ങൾ ആരാധകരുടെ ജീവിതത്തിൽ വലിയമാറ്റമാണുണ്ടക്കിയത്‌. അതിനെകുറിച്ചാണ്‌ ഞങ്ങൾ ഇവിടെ തുറന്നെഴുതുന്നത്‌.

ഞങ്ങൾ ബാംഗ്ളുരിൽ ജോലിചെയ്യുന്ന ബാച്‌ലേഴ്സ്‌ ആണ്‌. ജോലികഴിഞ്ഞ്‌ വൈകീട്ട്‌റൂമിൽവന്ന്‌ പ്രത്യേകിച്ച്‌ പണിയൊന്നും ഇല്ലാത്തതിനാൽ ചൊറിയുംകുത്തിയിരിക്കുകയാണ്‌ പതിവ്‌. ആയിടയ്ക്കാണ്‌ താങ്കളുടെ “വൈകീട്ടെന്താ പരിപാടി” എന്നപരസ്യവാചകം വരുന്നത്‌. പുതിയ സിനിമയിലെ പഞ്ച്‌ ഡയലോഗാണെന്നാണ്‌ ആദ്യം കരുതിയത്‌. പിന്നീടാണ്‌ അത്‌ “Original Choice” എന്ന മദ്യത്തിന്റെ പരസ്യമാണെന്നു മനസിലായത്‌. “നിങ്ങളില്ലാതെ എനിയ്ക്കെന്താഘോഷം”. ഞങ്ങളില്ലാതെ താങ്കൾക്ക്‌ ഒരാഘോഷവുമില്ലല്ലൊ. വൈകീട്ടു റൂമിൽ ചുമ്മാ ഈച്ചയാട്ടിയിരുന്ന ഞങ്ങൾ അങ്ങനെ താങ്കളുടെ കൂടെ “വൈകീട്ടുള്ള പരിപാടികളിൽ” അംഗമായി. ഇപ്പോൾ ഞങ്ങളുടെ മാസവരുമാനത്തിൽ നിന്നും നല്ലൊരുതുക താങ്കൾ ബ്രാൻഡ്‌ അംബാസഡർ ആയിരുന്ന “Original Choice” ന്റെ മുതലാളിക്ക്‌ എത്തിച്ച്‌ കൊടുക്കുന്ന കാര്യം നിർവികാരതയോടെ നിസംഗതയോടെ അറിയിച്ചുകൊള്ളട്ടെ.

താങ്കൾ “Mohan Lal's Taste Buds” എന്ന പേരിൽ പപ്പടം,പൊറോട്ട,കുടംപുളി തുടങ്ങിയ സാധനങ്ങളുടെ പരസ്യത്തിൽ തകർത്തഭിനയിക്കുന്ന സമയം. “Mohan Lal's Taste Buds” ന്റെ ഭാഗമായി ബാംഗ്ളൂരിൽ “The Harbour Market” എന്ന ഹോട്ടൽ തുടങ്ങി. ലാലേട്ടൻ തുടങ്ങിയ ഹോട്ടലാണ്‌ നമ്മൾ ആരാധകർ അത്‌ പ്രോത്സാഹിപ്പിക്കണം എന്നുകരുതി ഞങ്ങൾ ഒരു ദിവസം ഹോട്ടലിൽ പോയി. സ്വാദിഷ്ടമായ ആറേഴ്‌ കേരള വിഭവങ്ങൾ ഓർഡർ ചെയ്തു. ഭക്ഷണം ‘Not good not bad’. വിഭവങ്ങൾ എല്ലം കഴിച്ച്‌ അവസാനം നികൃഷ്ടമായ ആ സാധനം(ബില്ല്‌) വന്നപ്പോൾ ഞങ്ങൾ പതറിപ്പോയി. 2743 രൂപ. (ബില്ലിന്റെ കോപ്പി ഈ കത്തിനോടൊപ്പം ചേർക്കുന്നു). ഭാഗ്യത്തിന്‌ ഞങ്ങളിൽ ഒരാരാധകന്റെ കയ്യിൽ ‘Credit Card’ എന്ന സാധനം ഉണ്ടായിരുന്നതുകൊണ്ട്‌ അടുക്കളയിൽ പോകേണ്ടിവന്നില്ല.(ഹോട്ടൽ നടത്തിപ്പുകാർക്കറിയില്ലല്ലോ ഞങ്ങൾ ലാലേട്ടന്റെ ആരാധകരാണെന്ന്‌). ജീവിതത്തിൽ ഇത്രയുംകാലം കഴിച്ച പഴംപൊരിയുടെ മൊത്തം തുക 250 രൂപ വരില്ല.

പക്ഷെ ഈ അവസരങ്ങളിലൊന്നും ലാലേട്ടനെ തള്ളിപറയാൻ ഞങ്ങൾ തയ്യാറായില്ല. ഞങ്ങൾ പാവപെട്ട ആരാധകർ കുത്തുപാളയെടുത്താലും തരക്കേടില്ല ലാലേട്ടൻ പരസ്യത്തിലൂടെ പണം സമ്പദിച്ചാൽ മതി. എന്നിട്ട്‌ ചെന്നൈയിലും ഡെൽഹിയിലും ഒ​‍ാരോ ‘The Harbour Market’ തുടങ്ങണം. അവിടെയുള്ള ആരാധകർക്കും കിടക്കട്ടെ ഒരു പണി !

രണ്ട്‌ പട്ടാളസിനിമകളിൽ അഭിനയിച്ചതിനെ തുടർന്ന്‌ താങ്കൾക്ക്‌ ടെറിട്ടൊറിയൽ ആർമിയിൽ ലഫ്റ്റനന്റ്‌ കേണൽ പദവി ലഭിക്കുകയുണ്ടയി. വളരെ സന്തോഷമുള്ളകാര്യം കാരണം താങ്കളെപോലെ charismatic ആയ ഒരുവ്യക്തിയ്ക്ക്‌ യുവജനങ്ങളെ മിലിട്ടറിയിലേക്ക്‌ ആകർഷിക്കാൻ കഴിയും. പക്ഷെ അവിടെയും താങ്കൾ ഞങ്ങളുടെ പ്രതീക്ഷ തകർത്തു. ആ മിലിട്ടറി യൂണിഫോമിട്ട്‌ താങ്കൾ നേരെ പൊയത്‌ ‘Malabar Gold’ന്റെ പരസ്യത്തിലേക്കാണ്‌. രാജ്യം താങ്കൾക്ക്‌ സമ്മാനിച്ച ലഫ്റ്റനന്റ്‌ കേണൽ പദവി ജ്വല്ലറി പരസ്യത്തിൽ ഉപയോഗിച്ച്‌ താങ്കൾ ദുരുപയോഗം ചെയ്തു. താങ്കളുടെ പരസ്യംകണ്ട്‌ ഏതെങ്കിലും പട്ടാളക്കാരന്റെ ഭാര്യയ്ക്ക്‌ മതിഭ്രമം(Hallucination) വരുകയാണെങ്കിൽ അടുത്തതവണ ലീവിന്‌ നാട്ടിൽ വരുമ്പോൾ 5 പവന്റെ നെക്ളേസുമായി വന്നാൽ മതിയെന്നു മൊഴിയും. തോക്കിനുമുൻപിൽ തോൽക്കാത്ത പട്ടാളക്കാരൻ താങ്കളുടെ മുൻപിൽ തോറ്റുപോവും.

കേരളീയരുടെ മദ്യാസക്തിയെപറ്റിയും ഒരുസൂപ്പർസ്റ്റാർ തന്നെ മദ്യത്തിന്റെ പരസ്യത്തിലഭിനയിക്കുന്നതിനെ പറ്റിയും BBC ഈയടുത്തകാലത്ത്‌ റിപ്പോർട്ട്‌ ചെയ്യുകയുണ്ടായി. താങ്കൾക്ക്‌ ലഭിച്ച പത്മശ്രീ, ഭരത്‌,ഡോക്ടറേട്ട്‌ ബഹുമതികൾക്ക്‌ മുകളിലായി ഈ Black Mark നിലനിൽക്കുന്നു എന്ന കാര്യം താങ്കൾ ഓർമ്മിക്കണം. ഒരുകലാകാരന്‌ പണസമ്പാദ്യത്തിലുപരിയായി Social Responsibility ഉണ്ടെന്നകാര്യം താങ്കൾ മറക്കരുത്‌. ‘Cola’ അംബാസഡർ ആയിരുന്ന അമിതാബ്‌ ബച്ചൻ പിന്നീട്‌ അതിന്റെ ദൂഷ്യഫലങ്ങൾ മനസിലാക്കി പരസ്യത്തിൽ നിന്നും പിന്മാറിയത്‌ താങ്കളെ ഓർമപെടുത്തുകയണ്‌. കേരളത്തിലെ പ്രമുഖ യുവജന സംഘടന ആയ DYFI താരങ്ങൾ സ്വർണ്ണപരസ്യത്തിൽ അഭിനയിക്കുന്നതിനെതിരെ പ്രമേയം കൊണ്ടുവന്നതും സൂചിപ്പിക്കുന്നു.


ആരാധകരുടെ പ്രതീക്ഷയ്ക്കൊത്ത്‌ താങ്കൾക്ക്‌ ഉയരാൻ കഴിയും എന്ന്‌ പ്രതീക്ഷിക്കുന്നു. ആശംസിക്കുന്നു. കത്ത്‌ ചുരുക്കുന്നു. “വൈകീട്ട്‌ പരിപാടിയുണ്ട്‌”.

എന്ന്‌ സ്നേഹപൂർവം


താങ്കളുടെ ആരാധകർ.

No comments:

Post a Comment